Friday, March 8, 2013

ചിരിവീട്ടിലെ സുനിതേച്ചി           ഇത് എന്റെ അയല്‍ക്കാരി സുനിതേച്ചി.


                                      (സുനിതേച്ചി)
     ഞാന്‍ ഈ ചേച്ചിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഇവരുടെ ഭവനനിര്‍മ്മാണം നടക്കുന്ന സമയത്താണ്.കഴുത്തറപ്പന്‍ ഇറക്കുകൂലി ചോദിച്ചവരെ സാക്ഷിനിര്‍ത്തി ഒരു ലോഡ് സിമന്റിഷ്ടിക ഒരു ബന്ധുവിന്റെ സഹായത്തോടെ മിനിലോറിയില്‍ നിന്ന് ഇറക്കിയ സുനിതച്ചേച്ചി ആ വീട്ടില്‍ താമസമായതിന് ശേഷം കുടുംബത്തെയും നാടിനെയും മണ്ണിനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ഒരു പോലെ പ്രണയിച്ച് ഒരു ദിനത്തിന്റെ മഹാഭൂരിക്ഷം നിമിഷങ്ങളിലും അദ്ധ്വാനിച്ച് ജീവിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

                                   (ചിരിവീട് )
       അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്ത് ചെമ്മീന്‍ കെട്ടിനടുത്തേക്ക്.അവിടെ നിന്ന് ലഭിച്ച മീനും ചെമ്മീനുമായി തിരിച്ച് വീട്ടിലേക്ക്.അത് തിരിഞ്ഞ് മാര്‍ക്കറ്റിലേക്ക് കൊടുത്തയക്കുന്നതോടൊപ്പം ചെമ്മീന്‍ നുള്ളി ഉണക്കാന്‍ വയ്ക്കുന്നു.ഉണങ്ങിയ ചെമ്മീന്‍ വിപണിയില്‍ വില്കാന്‍ പോകുന്നു.അതിനിടയ്ക്ല് അലങ്കാര മത്സ്യകൃഷിയിലേക്ക് ശ്രദ്ധ.മീനിന് തീറ്റ കൊടുക്കല്‍,ടാങ്ക് വൃത്തിയാക്കല്‍ അങ്ങനെ പോകുന്നു അലങ്കാരമത്സ്യകൃഷിയുടെ പ്രവര്‍ത്തനങ്ങള്‍.വിദേശയിനമടക്കമുള്ള വളര്‍ത്തു നായകള്‍ ,വിവിധയിനം അലങ്കാര ക്കോഴികള്‍,മുയലുകള്‍,പ്രാവുകള്‍,തത്തകള്‍ ഇതിന്റെയെല്ലാം പരിപാലനവും സുനിതച്ചേച്ചി തന്നെ.ഇരിങ്ങാലക്കുടയ്കടുത്ത് കായലോര മത്സ്യകൃഷി നടക്കുന്ന സ്ഥലത്തേക്കുമുള്ള ശ്രദ്ധയും ഇതിനിടയ്ക് എത്തണം.പാലക്കാട്ടുള്ള കൃഷികളുടെ മേല്‍ നോട്ടവും ഈ തിരക്കിനിടയില്‍ തന്നെയാണ്.ഇതിനിടെ അയല്‍പക്കത്ത് എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ സ്നേഹമയിയായ ഒരു അയല്‍ക്കാരിയുടെ റോളില്‍ അടുക്കളയിലും അകത്തളങ്ങളിലും ഹാജര്‍.

(ചിരിവീട്ടിലെ സ്വിസ് അതിത്ഥി പ്രദര്‍ശന വേദിയില്‍,ചിത്രത്തിന് കടപ്പാട്:സാബു ഏരേഴത്ത് )
 (ആദാമിന്റെ മകന്‍ അബുവിന് ദേശീയാംഗീകാരം ലഭിച്ചപ്പോള്‍ എത്തിയ അതിഥിയ്ക്ക് അബുവിന്റെ ഭാര്യയുടെ പേര്-ഐശു )
വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ വളര്‍ത്തു നായകളെയും അലങ്കാരമത്സ്യങ്ങളെയും പ്രാവിനെയും തത്തയുമൊക്കെയായി പ്രദര്‍ശന നഗരിയിലെത്തുന്നതും സുനിതേച്ചി തന്നെ. ഇതിനെല്ലാം ഇടയില്‍ ഗര്‍ഭിണിയായ ഐശുവെന്ന വെച്ചൂര്‍ പശുവിന്റെ ശ്രദ്ധയോടെയുള്ള സംരക്ഷണവും .

         ഏതു പാതിരാത്രിയും ജോലി കഴിഞ്ഞു വരുന്ന പ്രിയതമന് രുചിയേറിയ ചൂടന്‍ വിഭവങ്ങളൊരുക്കുന്നതും ചേച്ചിതന്നെ
.അതു പോലെ ലോകം മുഴുവനും ജോലിയുടെ ഭാഗമായി സഞ്ചരിക്കേണ്ടി വരുന്ന ഭര്‍ത്താവിന് എല്ലാ വിധ പിന്തുണയും നല്കുന്ന റോളും രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മയുടെ റോളും ഇതിനിടയ്ക് അത്യാവശ്യം ഭംഗിയായി ചെയ്യും.
(സുനിതേച്ചി കുടുംബത്തോടൊപ്പം-സുനിതേച്ചി,സലിമേട്ടന്‍,ചന്തു,ആരോമല്‍)

      ഇത്രയേറെ കഷ്ടപ്പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതയായ സ്ത്രീയൊന്നുമല്ല സുനിതച്ചേച്ചി എന്നതാണ് രസകരമായ വസ്തുത.കേരളസര്‍ക്കാര്‍ ഒരു നടന് സമ്മാനിക്കുന്ന എല്ലാ വിധ അവാര്‍ഡ് ശില്പങ്ങളും മികച്ച നടനുളള ദേശീയ അവാര്‍ഡ് ശില്പവും ഷോകെയ്സുകളില്‍ വിശ്രമിക്കുന്ന ചിരിവീട്ടിലെ കുടുംബനായികയാണ് സുനിതേച്ചി. സ്വന്തം കഴിവുകൊണ്ടും അദ്ധ്വാനം കൊണ്ടും സിനിമാലോകത്ത് ഒരു പൊളിച്ചെഴുത്ത് നടത്തിയ മഹാനടന്‍ സലിംകുമാറീന്റെ പ്രിയതമ.തിരക്ക് പിടിച്ച അഭിനയജിവിതം നയിക്കുന്ന ഒരു മഹാനടന്റെ ഭാര്യയില്‍ നിക്ഷിപ്തമായ ചുമതലകള്‍ വളരെ ഭംഗിയായി നിറവേറ്റുന്നതോടൊപ്പം ജീവിത്തില്‍ തനിക്കുള്ള സ്വത്തുക്കള്‍ കാര്‍ഷിക ഭൂമിമാത്രമാണ് എന്ന് അഭിമാനത്തോടെ പറയുന്ന ,സിനിമയില്‍ അവസരം നിലച്ചാല്‍ ഒരു കൃഷിക്കാരനായി ജീവിക്കാന്‍ തനിക്ക് കഴിയും എന്ന് ആര്‍ജ്ജവത്തോടെ പറയുന്ന സലിമേട്ടന്റെ ബുദ്ധിയിലും താല്പര്യത്തിലും വിഭാവനം ചെയ്യപ്പെടുന്ന പദ്ധതികളെല്ലാം സമര്‍പ്പണ മനോഭാവത്തോടെ ഏടെടുത്ത് നിര്‍വ്വഹിക്കുന്ന സുനിതേച്ചിയെ വാക്കുകള്‍കൊണ്ട് വിവരിക്കുക എന്നത് അല്പം ശ്രമകരകരമായ ദൗത്യമാണ്.വളരെ കുറച്ച് സമയം മാത്രം അടുത്തു നിന്ന് നിരീക്ഷിച്ചിട്ടുള്ള ഈയുള്ളവന്റെ വാക്കുകള്‍ തികച്ചും അപൂര്‍ണ്ണമാണെന്നും പ്രത്യേകം ഒര്‍മ്മിപ്പിക്കുന്നു.അത് പോലെ ഏതൊരു മഹാന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന ചൊല്ലിനെ  അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ചിരിവീട്ടിലെ വിശേഷങ്ങള്‍.

       സര്‍വ്വാഭരണ വിഭൂഷിതയായി ബ്യൂട്ടിപ്പാര്‍ലര്‍ സംസ്കാരത്തില്‍ ശീതീകരിച്ച മുറിയില്‍ സര്‍വ്വസമയവും ചെലവഴിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും സാധാരണ കുടുംബിനിയായി സ്നേഹാര്‍ദ്രമായ അമ്മയായി ,ഒരു കൃഷിക്കാരിയായി ,ലോകത്തിന് മാതൃകയായ അദ്ധ്വാന സംസ്കാരത്തിന്റെ പ്രതീകമായി, ലാളിത്യത്തിന്റെ മനുഷ്യരൂപമായി എന്റെ നാട്ടില്‍ എന്റെ വീട്ടിനടുത്ത് ജീവിക്കുന്ന സുനിതേച്ചിയെ  ഈ അന്താരാഷ്ട്ര വനിതാദിനത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നു.

അതുപോലെ സലിയപ്പനെന്ന ഗ്രാമീണ ബാലനെ സലിംകുമാറെന്ന ലോകോത്തര നടനാക്കി മാറ്റിയ സാഹചര്യങ്ങള്‍,അതില്‍ സുനിതേച്ചിയുടെ സ്വാധീനം ഇവയൊക്കെ അറിയാന്‍ ഈ ഡോക്യുമെന്ററി കാണുക.

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.