Tuesday, December 25, 2012

മതസൗഹാര്‍ദ്ദം മരിച്ചിട്ടില്ല!

      ഇത് അനിയമ്മാവന്റെ അമ്മായിഅമ്മ!

   അനിയമ്മാവന്‍ ഉപ്പയുടെ സുഹൃത്താണ്.ശശിധരന്‍ കര്‍ത്താ എന്ന് പേരുള്ള അനിയനെ കുടുംബക്കാര്‍  അനിയനെന്ന് ഓമനപ്പേരിട്ടു.ആളുടെ അനന്തിരവര്‍ വിളിക്കുന്നത് കേട്ട് ഞങ്ങള്‍ അനിയമ്മാവന്‍ എന്നും  വിളിച്ചു!എന്റെ വീടിനു ചുറ്റും ഒരു പാട് നായര്‍  കുടുംബങ്ങളുണ്ട്.അവരുടെയെല്ലാം സാധാരണ(കോമണ്‍) കുടുംബസുഹൃത്താണ് ഞങ്ങള്‍.അവരുടെ വീട്ടില്‍  എന്ത് ആഘോഷമുണ്ടെങ്കിലും വീട്ടില്‍  ക്ഷണമുണ്ടാകും.തിരിച്ചും.

     ഇന്ന് ഞാന്‍ ഹാരിഷിന്റെ വീട്ടില്‍ ഞാന്‍-ജോര്‍ജ്ജ്-ഹാരിഷ് ത്രയ സമാഗമം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍  ഉമ്മച്ചിയുടെ മുറിയില്‍ വെല്ലുമ്മ.ഉമ്മച്ചിയുടെ ഉമ്മയാണെന്ന് നിഗമനത്തില്‍  വെല്ലുമ്മ എപ്പോള്‍ വന്നു എന്ന് ചോദിച്ച് അടുത്തേക്കു ചെന്നപ്പോള്‍  അത് അനിയന്‍മാവന്റെ വിട്ടിലെ അമ്മൂമ്മയാണെന്ന് തിരിച്ചറിഞ്ഞു.പ്രായാധിക്യം കൊണ്ട് യാത്ര ചെയ്യാനാവാത്ത അമ്മൂമ്മയെ അനിയന്‍ മാവന്‍ എറണാകുളത്ത് പോയപ്പോള്‍ വീട്ടിലാക്കിയതാണ്.അമ്മൂമ്മ സംസാര പ്രിയയാണ്.കിട്ടിയ പാടേ എന്നോട് നാട്ടിലെ കാര്യം മുതല്‍  അങ്ങ് ലണ്ടനിലെ കാര്യം വരെ പങ്കുവച്ചു.ജോര്‍ജ്ജ് കൂടെ  വന്നിരുന്നതിനാല്‍ ഞാന്‍ പതിയെ അമ്മൂമ്മയുടെ വാചാലതയില്‍ നിന്നും വിടവാങ്ങി.പിന്നെ മുഖപുസ്തകിക്കലും ഇന്ത്യ-പാക്ക് 20-20 യുമായി തിരക്കായതിനാല്‍  അമ്മുമ്മയുമായി വീണ്ടും സന്ധിച്ചത് കഞ്ഞികുടി സമയത്താണ്.

      ഉപ്പയുടെയും ഉമ്മയുടെയും ഒപ്പം ഭക്ഷണത്തിനായിരുന്ന അമ്മൂമ്മ ഒച്ചിഴയുന്ന വേഗത്തില്‍ രണ്ട് ചപ്പാത്തിയുമായി മല്ലിടുകയാണ്.ഭക്ഷണം കഴിഞ്ഞ ശേഷവും  ഉപ്പയും ഉമ്മയും അരികിലിരുന്ന് അമ്മൂമ്മയുമായി കുശല സംഭാഷണം  നടത്തുന്നുണ്ട്.ഞാന്‍ ചെന്നിരുന്ന പാടേ കഞ്ഞിയ്ക്ക് ശേഷം അമ്മൂമ്മയ്ക്കായി പ്രത്യേകം  ആയി ഉണ്ടാക്കിയ ചപ്പാത്തിയില്‍  ബാക്കിവന്ന ഒന്ന് തിന്നണമെന്ന് അമ്മൂമ്മ സ്നേഹപൂര്‍വ്വം  എന്നെ ചട്ടം കെട്ടി.ആയുര്‍വേദ മരുന്ന് സേവിക്കുന്നതിനാല്‍  കഞ്ഞിമാത്രം  പഥ്യമെന്ന് പറഞ്ഞ് അമ്മൂമ്മയെ മുഴുവന്‍ ചപ്പാത്തിയും തിന്ന് തീര്‍ക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു.പലതും പറഞ്ഞിരിക്കുന്നതിനിടയ്ക്ക് ഉമ്മച്ചിയുടെ ഹൈവോള്‍ട്ടേജ് ചിരിയോടെയുള്ള ചോദ്യം "അമ്മയ്ക്കിപ്പോള്‍  എത്ര വയസ്സായി".എണ്‍പത്തി നാല് എന്ന് ഞൊടിയിടയിലുള്ള ഉത്തരം.കണ്ടാല്‍ അത്രയും പറയില്ലെന്ന് ഉമ്മച്ചിയുടെ സുഖിപ്പിച്ചുള്ള മറുപടി.

    ഉടന്‍ അമ്മൂമ്മ അവരുടെ ബന്ധുവിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.എന്തിനാ വയസ്സ് പറഞ്ഞിരിക്കെ അമ്മൂമ്മ ബന്ധുവിനെക്കുറിച്ച് പറയുന്നതെന്ന് ശങ്കിച്ചെങ്കിലും വിഷയത്തില്‍  നിന്ന് വ്യതിചലിച്ചില്ല എന്ന് പിന്നീട് മനസ്സിലായി.അമ്മൂമ്മയുടെ ഒരു ബന്ധു മുമ്പൊരു ദിവസം വിട്ടില്‍ വന്ന് അമ്മൂമ്മയെ പണ്ടുകണ്ട പോലെയിരിക്കുന്നു എന്ന് ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല എന്ന സന്തൂര്‍ മോഡല്‍  ഡയലോഗ് കാച്ചിയതത്രേ.അവര്‍ തിരിച്ചിറങ്ങി പടിയെത്തിയതോടെ കിടപ്പിലായി പ്പോയെന്നാണ് അമ്മൂമ്മയുടെ പരാതി.കണ്ണുകരിച്ച് കളയണ്ട ജാതിയത്രേ അവര്‍ എന്ന് വെറുപ്പാര്‍ന്ന മുഖത്തോടെ അമ്മൂമ്മ പറഞ്ഞുകൊണ്ടിരിക്കെ ഉമ്മച്ചിയുടെ ചമ്മിയ ചിരിയും ഞാന്‍ ശ്രദ്ധിച്ചു.

     അമ്മൂമ്മ തുടര്‍ന്നു.ആദ്യം മുസ്ല്യാരെക്കൊണ്ട്  ഓതിച്ചൂതിച്ചു.അറബി മന്ത്രം നാടന്‍  മന്ത്രത്തേക്കാല്‍  കേമമാണത്രെ!രക്ഷയില്ല.തുടര്‍ന്ന് അമ്പലത്തിലെ നമ്പൂതിരിയെ സമീപിച്ചു.ഏറ്റ കണ്ണേറ് ലേശം കടുത്തതാണെന്ന് സംശയമന്യേ പറഞ്ഞ് മൂന്ന് ദിവസം  കിടപ്പിലാവുമെന്ന മുന്നറിയിപ്പും  നല്കി നമ്പൂതിരി കയ്യിലൊരു മന്ത്രിച്ച ചരട് കെട്ടിക്കൊടുത്തുവെന്നും  മൂന്നുദിവസം കഴിഞ്ഞപ്പോള്‍  പഴയ പ്രതാപത്തോടെ പൂര്‍വ്വആരോഗ്യ സ്ഥിതിപ്രാപിച്ചുവെന്നും അമ്മൂമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
    മൂന്നു ദിവസം വിശ്രമിച്ചപ്പോള്‍  എങ്ങനെയോ വന്ന വയ്യായ്ക മാറിയെന്ന്  സാരം.കടുത്തതായതിനാല്‍ ഫാത്തിഹ ഓതിയത് ഏറ്റില്ല.കുറഞ്ഞത് യാസീനെങ്കിലും വേണമായിരുന്നു.മുസ്ലാര്‍ക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞ നമ്പൂതിരി കടുത്ത മന്ത്രം ചൊല്ലി കണ്ണേറ് കൊണ്ടുണ്ടായ വശക്കേട് മാറ്റി.

    പൊതുബോധം വര്‍ഗ്ഗീയമാവുന്നു എന്ന ആരോപണങ്ങളും ആശങ്കകളും നില നില്കുമ്പോഴും നമുക്ക് ഉറപ്പിക്കാം, ആത്മീയത മറയാക്കി തട്ടിപ്പ് നടത്തുന്ന രംഗത്ത് മതസൗഹാര്‍ദ്ദം പൂത്തുലഞ്ഞു നില്കുകയാണെന്ന്!ചേരമാന്‍ ജുമാ മസ്ജിദിലെ വിളക്കില്‍ എണ്ണ നേരണമെന്ന് നിഷ്കര്‍ഷിക്കുന്ന തൃശൂര്‍  ജില്ലയിലെ  ജോത്സ്യനും  ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു!

Sunday, December 9, 2012

ജനമൈത്രി ബോര്‍ഡില്‍ മാത്രമല്ല,റോഡിലും!


        ഒരു സുഹൃത്തിനെക്കാണാന്‍ പറവൂര്‍ പോയതാണ്.കക്ഷി ടൗണില്‍ ഉണ്ടായിരുന്നില്ല.പിന്നെ പെന്റാ പ്ലാസയില്‍ മൂടിവെട്ടുകട-നഗരഭാഷയില്‍ ബ്യൂട്ടിപാര്‍ലര്‍ തുറന്നിരിക്കുന്നു.ആരും തന്നെ മുടിവെട്ടാനോ "പ്യാച്ച് വര്‍ക്കിനോ" അവിടെ ഉണ്ടായിരുന്നില്ല.മാച്ചാംതുരുത്തിലെ അനിലേട്ടന്റെ കടയാണ് നമ്മുടെ സ്ഥിരം ബ്യൂട്ടിപാര്‍ലര്‍,ചിലപ്പോള്‍  മുപ്പത്,ചിലപ്പോള്‍ ഇരുപത്തി അഞ്ച്,ചില്ലറയില്ലെങ്കില്‍ ഇരുപത് അങ്ങനെയൊക്കെയാണ് അനിലേട്ടന്റെ ചാര്‍ജ്ജ്.കൂടാതെ പ്രാദേശിക രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള വിശകലനവും.പക്ഷെ ചിലപ്പോള്‍ നല്ല തിരക്കായിരിക്കും.ഒന്ന് ഒന്നര മണിക്കൂര്‍ അവിടെ ഇരുന്ന് ദേശാഭിമാനി വായിക്കണം.ഞാനാണെങ്കില്‍ ദേശാഭിമാനി ഇന്റര്‍നെറ്റില്‍ രാവിലെ വായിച്ച് തീര്‍ത്ത് കാണും.വീട്ടില്‍ ദേശാഭിമാനിയായിരുന്നു.എന്റെ രാഷ്ട്രീയ അഭിനിവേശത്തിന് കാരണം ദേശാഭിമാനിയാണെന്ന് കരുതിയ ഉപ്പ അത് നിര്‍ത്തി മാധ്യമം പത്രം വരുത്താന്‍ തുടങ്ങി.ഉപ്പാക്കറിയില്ലല്ലോ രാധാകൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പേപ്പറിടുന്നതിന് മുമ്പേ ഈ പേപ്പര്‍  അതേ പടി നെറ്റില്‍ വരുമെന്ന്.പറഞ്ഞ് പറഞ്ഞ് കാടു കേറി.പശുവിനെ ക്കുറിച്ച്  കോമ്പോസിഷന്‍ എഴുതി പശുവിനെക്കെട്ടിയിരുന്ന തെങ്ങിനെക്കുറിച്ചായത് പോലെ!

     മുടിവെട്ട് കടയില്‍ തിരക്കില്ലാഞ്ഞതിനാല്‍ പെട്ടെന്ന് സുന്ദരനായാലോ എന്ന് തോന്നി,പൊങ്ങച്ചം പറയുകയാണെന്ന് ധരിക്കരുത് അല്ലെങ്കിലേ സുന്ദരനായത് കൊണ്ട് സൗന്ദര്യം കൂട്ടിയാലോ എന്ന് ചിന്തിച്ചു.നേരെ കേറി ബ്യൂട്ടിപാര്‍ലറില്‍,കറങ്ങുന്ന കസേരയില്‍  ഇരുന്നു.ഒരു കൊച്ചു കൂട്ടുകാരനായിരുന്നു "ബ്യൂട്ടീഷന്‍".എങ്ങനെ വെട്ടണം ചേട്ടാ,കറയ്ക്കണോ,കൂട്ടണോ,മെഷീന്‍ വച്ച് സൈഡ് എടുക്കണോ എന്നൊക്കെ ഹോട്ടലിലെ വെയിറ്റര്‍മാരെ പോലെ സൗമ്യമായ ചോദ്യം.എങ്ങനെയായാലും വേണ്ടില്ല,കാട് ഒന്നിറക്കണം,എന്റെ അനുഗൃഹീത സൗന്ദര്യത്തിന് യാതൊരു ഇളക്കവും തട്ടരുതെന്ന നിബന്ധനയില്‍ ആ കൂട്ടുകാരന് സര്‍വ്വവിധ സ്വാതന്ത്ര്യവും തലയിലെ കാടുവെട്ടാന്‍ പതിച്ച് നല്കി.ക്ലബ് എഫ്.എമ്മില്‍ റേഡയോ ജോക്കികളുടെ ഈജിപ്തിലെ സമരത്തിന്റെ വിശദീകരണവും  അടുപ്പ് കൂട്ടി സമരത്തെ കളിയാക്കലും  ഏതോ ഒരു കപ്പല്‍ ജോലിക്കാരനോട്  സൊമാലിയയിലെ കാര്യങ്ങള്‍ ചോദിച്ചുള്ള വധവും കൂടെ പൂമുഖ വാതില്‍ക്കല്‍  സ്നേഹം വിടര്‍ത്തുന്ന ചലച്ചിത്രഗാനവും ശ്രദ്ധിച്ചിരുന്നതിനിടെ മുടിവെട്ടലും ശുഭമായി പര്യവസാനിച്ചു.

          എങ്ങനെയുണ്ടെന്ന ബ്യൂട്ടിഷന്റെ ചോദ്യം കേട്ട് ക്ലബ് എഫ് എമ്മിലെ ഗാന മധുരിമയില്‍  ലയിച്ചിരുന്ന ഞാന്‍ ഉണര്‍ന്നു.കണ്ണട വയ്ക്കാതെ കണ്ണാടിയില്‍  എന്നെ കാണാത്തത് കൊണ്ട് ഊരി വച്ച കണ്ണട തപ്പിത്തടഞ്ഞെടുത്ത് എന്റെ സൗന്ദര്യവര്‍ദ്ധന കണ്ട് ബോധിച്ച് പതിവ് പോലെ എത്രയായി ചേട്ടാ എന്ന് ചോദിച്ചു.സുസ്മേര വദനനായി അറുപത് രൂപാ എന്ന് ഉത്തരം.വീടിനടുത്ത് മുപ്പത് രൂപയ്ക്ക് സൗന്ദര്യ വല്‍ക്കരിക്കുമ്പോള്‍ ബൈക്കില്‍  ഇന്ധനവും കത്തിച്ച് തൊഴില്‍  രഹിതനായ ഞാന്‍  അറുപത് രൂപയ്ക്ക് സൗന്ദര്യവല്‍ക്കരിച്ചു.ആ അഹംഭാവത്തിന്റെ അന്തര്‍  സംവാദങ്ങള്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കെ,വിശ്വഗുരുകുലത്തിലെ ശ്രീകാന്ത് ഗുരുക്കളെയും കണ്ട്  വെട്ടിത്തെളിച്ച തലയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ ആലുമ്മാവിലുള്ള വീട്ടിലേയ്ക് വണ്‍ വേ വഴി എന്നെയും വഹിച്ചെന്റെ ഒറ്റക്കൊമ്പന്‍(യൂണികോണ്‍) നാല്പത് കിലോ മീറ്റര്‍  സ്പീഡില്‍  പോകുന്നു.വെട്ടിയ മുടിയുടെ ബാക്കിപത്രങ്ങള്‍ ഹെല്‍മെറ്റിലാക്കി അതിനെ ചൊറിച്ചിലിന്റെ ഉത്ഭവമാക്കേണ്ട എന്ന് കരുതിയാണ് ഹെല്‍മെറ്റ് സ്ഥിരം ധരിക്കുന്ന ഞാന്‍ അത് തലയില്‍ വയ്ക്കുന്നതിന് പകരം ബൈക്കിന്റെ ഹാന്റിലില്‍ വച്ചത്.

       പതിവ് പോലെ ,വൃന്ദാവനം വളവ് കഴിഞ്ഞപ്പോള്‍  നമ്മുടെ വെള്ള ടവേരയില്‍ ജാഗരൂഗരായി നില്കുന്ന ഹൈവേ പോലീസ്.വണ്ടി തടഞ്ഞു നിര്‍ത്താന്‍ നില്കുന്ന പോലീസ് കാരനെ നോക്കി ചിരിച്ച് പോവാന്‍ ശ്രമിച്ച എന്നെ ചിരിച്ച് കൊണ്ട് തന്നെ അദ്ദേഹം തടഞ്ഞുനിര്‍ത്തി.എസ്.ഐയുടെ അടുത്തേക്ക് ചെന്ന ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,സര്‍ ഹെല്‍മെറ്റുണ്ടായിരുന്നു.വച്ചിരുന്നില്ല.വയ്ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.മുടിവെട്ടി വരുന്ന വരവാണ്.എന്റെ ഒറ്റ ശ്വാസത്തിലുള്ള വിശദീകരണം കേട്ട് ചിരിച്ച എസ്.ഐ എവിടെയാ വീടെന്ന് ചോദിച്ചു.ആലുമ്മാവിലാണെന്ന് പറഞ്ഞപ്പോള്‍  എന്തിനാ പറവൂര്‍ പോയി മുടിവെട്ടുന്നെ എന്നായി.എനിക്ക് തോന്നുന്നിടത്ത് പോയി ഞാന്‍ മുടിവെട്ടും,അതിന് സാറിനെന്താ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും മുപ്പത് രൂപ അധികം സൗന്ദര്യവല്‍ക്കരണത്തിന് ചിലവാക്കി വരുന്ന വഴി   നൂറു രൂപ കളയണ്ട എന്ന മനസാക്ഷിയുടെ അഭ്യര്‍ത്ഥന മാനിച്ച് പറവൂര്‍  പോയ കഥയും മുടിവെട്ടാനുണ്ടായ സാഹചര്യങ്ങളും ഞാന്‍ എസ്.ഐ സമക്ഷം  വിനീതനായി ഉണര്‍ത്തിച്ചു.

      നൂറു രൂപയ്ക്ക് പകരം കൂടുതല്‍ കിട്ടിയാലോ എന്ന് വിചാരിച്ചാണോ എന്നറിയില്ല,ബുക്കും പേപ്പറും കാട്ടാന്‍ പറഞ്ഞു.ലൈസന്‍സും ആര്‍സി ബുക്കും പുകസര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ഒക്കെ പക്കാ.ഈയിടെ ഉപ്പ നിര്‍ബന്ധിച്ച കാരണം  പുക സര്‍ട്ടിഫിക്കറ്റ് എടുത്ത് വച്ചത് നന്നായി.അല്ലേല്‍ എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് വന്നപ്പോള്‍ കളമശ്ശേരി എസ്.ഐയോട് പറഞ്ഞ ആ ഡയലോഗ്(സര്‍  പുക സര്‍ട്ടിഫിക്കറ്റ് ഒരു പ്രഹസനമല്ലേ,നാല്പത് രൂപ കൊടുത്ത് കള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനേക്കാള്‍ നല്ലതല്ലേ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ഫൈന്‍ അടച്ച് സാമൂഹിക പ്രതിബദ്ധത കാട്ടുകയെന്നത്.അതിനാല്‍ ഞാന്‍ പുകസര്‍ട്ടിഫിക്കറ്റ് എടുക്കാറേയില്ല) ഇവിടെ ഇറക്കേണ്ടി വന്നാനെ.കളമശ്ശേരി എസ്.ഐ നമ്മുടെ ഡയലോഗിനെയും  വെട്ടിപ്പറഞ്ഞു ഞാന്‍ രസീതെഴുതിപ്പോയി.ഞങ്ങള്‍  സാമൂഹിക പ്രതിബദ്ധരായ സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍നിന്ന് കാശുപോകും എന്നൊക്കെ.അന്ന് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് നൂറ് രൂപ സംഭാവന ചെയ്യേണ്ടിവന്ന അനുഭവം വൃന്ദാവനത്തിലും ആവര്‍ത്തിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെ പൊയ്ക്കൊള്ളാന്‍ എസ്.ഐയുടെ അനുമതി.

   സത്യം പറയാലോ പറവൂരിലെയും വടക്കേക്കരയിലെയും പോലീസ് ജനമൈത്രി പോലീസ് തന്നെ.എസ്.എന്‍.എം  ഐ.എം.ടി കൊടുത്ത സൈബര്‍ ഡീഫേമഷന്‍ കേസിനായി ആദ്യമായി പൊലീസ് സ്ടേഷന്‍ കയറിയത് മുതല്‍  ഇന്ന് വരെ എനിക്ക് ജനമൈത്രിതന്നെയാണ് പോലീസില്‍ നിന്നുള്ള അനുഭവം.കോളേജ് കൊടുത്ത കേസില്‍ ഇന്ന് വിവാദമായ അന്നും നിലവിലുണ്ടായിരുന്ന 66Aവകുപ്പ് ചുമത്തിയിരുന്നുവെങ്കില്‍ ഞാന്‍ കഴിഞ്ഞ വര്‍ഷം അഴിയെണ്ണേണ്ടി വന്നേനെ.ഇന്നലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയ്ക്ക് പോകുന്ന വഴിയില്‍ കണ്ട് പരിചയം പുതുക്കിയ അന്ന് വടക്കേക്കര എസ്.ഐയും ഇന്ന് വരാപ്പുഴ സ്ടേഷന്റെ ചുമതല വഹുക്കുന്ന  രാജേഷ് സറുമായി ഇന്നലെ ഇക്കാര്യം പങ്കുവച്ചേയുള്ളൂ.ഇതിനിടയ്ക്ക് പലപ്രാവശ്യം എസ്.എഫ്.ഐ ഏരിയാ ഭാരവാഹിത്ത്വത്തിലിരിക്കെ പോലീസുമായി ബന്ധപ്പെട്ടിരിക്കുന്നു.അന്നെല്ലാം വളരെ മാന്യമായ പെരൂമാറ്റം തന്നെയാണ്  സാധാരണ  പോലീസുകാര്‍  മുതല്‍ സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍  വരെയുള്ളവരില്‍ നിന്നുണ്ടായത്.പറവൂരിലെയും വടക്കേക്കരയിലെയും ജനമൈത്രി പോലീസിന് ഒരു ചുവപ്പന്‍ സല്യൂട്ട്.!

Tuesday, December 4, 2012

ടോകുബിയെയുമൊത്ത്..        എറണാകുളം ഐപിഎസ്സാറില്‍ റെഡ് ഹാറ്റിന്റെ ലിനക്സ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് വരുന്ന അനേകം വിദേശികളെ കാണാറുണ്ട്.പലപ്പോഴും അവര്‍ സംഘങ്ങളായി വരും.മറ്റുള്ളവരോട് ഇടപഴകാതെ  പഠനം കഴിഞ്ഞ്  തിരിച്ചു പോകും.അതില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്  നൈജീരിയക്കാരനായ ടോക്കുബിയെയും ഇംഗ്ലണ്ടുകാരനായ ചാര്‍ളിയും.ഇങ്ങോട്ട് വന്നു നമ്മോട് ഇടപഴകുന്ന ഇവര്‍ ഇപ്പോള്‍ ഐപിഎസ് ആര്‍ സുഹൃത്ത് വലയത്തിലെ കണ്ണികളായി മാറുന്നു.

        ടോക്കുബിയെയുമായി നൈജീരിയന്‍  വിശേഷങ്ങള്‍ സംസാരിച്ചപ്പോള്‍ നൈജീരിയയെക്കുറിച്ച് പറഞ്ഞുകേട്ട ആശങ്കകള്‍ ഞാന്‍ പങ്കുവച്ചു.ഉയര്‍ന്ന ശമ്പളം കിട്ടുമെങ്കിലും  ജീവിതം സുരക്ഷിതമല്ലെന്നായിരുന്നു എന്റെ ധാരണ.നൈജീരിയയില്‍ കലാപം എന്നൊക്കെ വാര്‍ത്തയും ഈ ധാരണ ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ടോക്കുബിയെ പറഞ്ഞത് ഇങ്ങനെയാണ് കാശ്മീരില്‍ പ്രശ്നമുണ്ടെന്ന് കരുതി കേരളം സുരക്ഷിതമല്ലേ എന്നാണ്.അതോടൊപ്പം ടോക്കുബിയെ പറഞ്ഞത് ആ രാജ്യത്ത്  പ്രശ്നങ്ങള്‍  ഉണ്ടാക്കുന്നത് മുസ്ലീങ്ങളാണെന്നാണ്.ജനസംഖ്യാനുപാതത്തില്‍  ഏതാണ്ട് ഒപ്പമാണ് നൈജീരിയയില്‍  കൈസ്തവരും ഇസ്ലാം മതവിശ്വാസികളും.പക്ഷെ നൈജീരിയ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നാണത്രേ അവിടത്തെ കലാപകാരികളുടെ ആവശ്യം.ഞാന്‍ മുസ്ലീം  നാമധാരിയായതുകൊണ്ടാണോ എന്നറിയില്ല ടോകുബിയ പറഞ്ഞു.ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളാണ് പ്രശ്നമുണ്ടാക്കുന്നത്.മുസ്ലീംങ്ങളില്‍ നല്ലവരും ഉണ്ട്.പക്ഷെ ചിലര്‍  ജിഹാദ്(മുസ്ലിം  നാമധാരികളുടെ ഭീകരപ്രവര്‍ത്തനത്തിന് ജിഹാദെന്ന പേര് വീണു പോയി,ജിഹാദിന്റെ അര്‍ത്ഥം അതല്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാം.) നടത്താനാണ് ഉറക്കമുണരുന്നത് എന്ന ഭാവത്തിലാണ്.ക്രിസ്തീയ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിക്കുക,ക്രിസ്തവരെ കൊല്ലുക എന്നതാണ് അവരുടെ കടമ എന്നാണെന്ന് അവര്‍  വിശ്വസിക്കുന്നുവത്രേ.ഇന്ത്യയില്‍  ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ?ആര്‍ എസ് എസ്സിനെയും ജമാഅത്തെ ഇസ്ലാമിയും ഇവിടെ ഉണ്ടെന്ന് പറഞ്ഞ് നമ്മളും അത്ര പിന്നിലല്ല എന്ന് ടോക്കുബിയയോട് പറഞ്ഞു.ഇന്ത്യ ഭരിക്കുന്ന  കോണ്‍ഗ്രസ്സുകാര്‍ അഴിമതിക്കാരാണെന്നും മുതലാളിത്തത്തെ അവര്‍  പുല്‍കുന്നത്  അവര്‍  അതിന്  വേണ്ടിയാണെന്നും ഏതാനും മാസം ഇന്ത്യയില്‍  ജീവിച്ച ടോക്കുബിയ പറഞ്ഞപ്പോള്‍ തൊലിയുരിഞ്ഞുപോയി.ഇന്ത്യയുടെ സ്വാതന്ത്ര സമരപ്രസ്ഥാനം രാജ്യം ഭരിച്ച് അധപ്പതിച്ച കഥ അങ്ങനെ അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

      ഞാന്‍ പ്രധാനമായും സൂചിപ്പിക്കാനുദ്ദേശിച്ചത് ..ഇസ്ലാമിനു നേരെയുള്ള കടന്നാക്രമണങ്ങളുണ്ട് എന്ന് സമ്മതിക്കുമ്പോഴും അതിന് ഒരു ഹേതു ഇസ്ലാമിനുള്ളില്‍ തന്നെയുള്ള ഇത്തരം ഷുദ്ര ജീവികളല്ലേ?ലോകത്തില്ലാത്ത ,മുസ്ലീം രാജ്യത്ത് പോലുമില്ലാത്ത സ്വാതന്ത്ര്യം  അനുഭവിച്ചിട്ട്  രാജ്യം ഇസ്ലാമികമാക്കാന്‍ നടക്കുകയാണ്  ജമാഅത്തെ ഇസ്ലാമിക്കാര്‍.ഇവിടെ ആദര്‍ശത്തിന്റെയും ആകിടിവിസത്തിന്റെയും ആട്ടിന്‍ തോലിട്ട്!പാക്ക് അധീന കാഷ്മീരില്‍ ഹിസ്ബുള്‍ മുജാഹിദിനെ ഉപയോഗിച്ച് മതരാഷ്ട്രവാദം,ഇവിടെ ദേശിയപാതയിലെ ടോള്‍ പിരിവ് വിരുദ്ധ സമരം.വിഷചേരിയില്‍  അണിനിരക്കുന്നവര്‍  പലതും അറിയാതെ അണിചേര്‍ന്ന് പോകുന്നതാണ്.ആദര്‍ശത്തിന്റെയും ആകിടിവിസത്തിന്റെയും ചതിക്കുഴിയില്‍ പലരും വീണുപോകുന്നു!മറ്റ് ഒരു കൂട്ടരുണ്ട് മുജാഹിദുകള്‍.ബിജെപി പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ വരെ പിടിച്ച് വേദിയിലിരുത്തും .എന്നിട്ടു പറയും നിങ്ങളുടെതേത് തെറ്റാണ്.ഞങ്ങളുടേത് മാത്രമാണ് ശരി.വിഗ്രഹാരാധന നടത്തുന്നത് തെറ്റാണെന്ന് പറയും.വിഗ്രഹം പ്രതീകമാണെന്ന് പറഞ്ഞാല്‍ അത് കല്ലാണെന്ന് പറയും.പ്രതീകാത്മക കല്ലേറും കല്ലുമുത്തലും എല്ലാവര്‍ഷവും നടത്തുന്നവരാണ് പ്രകൃതിയോട് ആത്മബന്ധം പുലര്‍ത്തുന്ന ഒരു  പ്രതീകാത്മക സംസ്കാരത്തെ വിമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കില്ല.ത്ങ്ങള്‍  പറയുന്നത് മാത്രം ശരി,മറ്റുള്ളവരുടേതെല്ലാം തെറ്റ് എന്ന് അന്ധമായി വിശ്വസിക്കുകയും വൈകാരികമായി പ്രതികരിക്കുന്നത് എന്ന് മുസ്ലിം  സമൂഹം നിര്‍ത്തുന്നുവോ എന്ന് ആ സമൂഹം രക്ഷപ്പെടും.അല്ലെങ്കില്‍  നിരപരാധിയായ ഷാഹിന ക്രൂശിക്കപ്പെട്ട പോലെ ,മദനി അനുഭവിക്കുന്നത് പോലെ എന്തിന് അനീതിക്കെതിരെ പ്രതികരിച്ചതിന് നേതൃത്ത്വം കൊടുത്ത ഞാന്‍ വരെ ഭീകരവാദിയാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.!

(ഞാന്‍ ഒരു മുസ്ലീം  വിരുദ്ധനാണെന്ന അഭിപ്രായങ്ങള്‍  വരും എന്ന് പ്രതീഷിച്ചുകൊണ്ടാണ് എഴുതിയത്)