Sunday, March 10, 2013

വിനാശകാലേ വിപരീത ബുദ്ധി!

      ബാലചന്ദ്രന്‍ ചുള്ളിക്കാട് ,സലിം കുമാര്‍ ,ഡോ.സുനി‌ല്‍ പി ഇളയിടം തുടങ്ങി അനേകം മഹാരഥന്മാര്‍ സമരതീഷ്ണതയുടെ യൗവനം ആസ്വദിച്ച കലാലയമാണ് SNM കോളേജ് ,മാല്യങ്കര.തൊട്ട് മുന്‍ വശത്തെ SNM എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷമായി SFI പറവൂര്‍ ഏരിയാ കമ്മിറ്റി അംഗം,ഏരിയാ സെക്രട്ടറേയിറ്റ് അംഗം,ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴെല്ലാം SNM കോളേജുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങള്‍ അറിയുവാനും ഒരു സംഘടനാ പ്രതിനിധി എന്ന നിലയ്ക് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഇടപെടുവാനുമൊക്കെ അവസരം ലഭിച്ചിരുന്നു.

       കോളേജിലെ യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രശസ്ത യുവ കവയിത്രിയും കടത്തനാട് മാധവിയമ്മ പുരസ്കാര ജേതാവുമായ രമ്യ തുറവൂരിനെ നാളെ(11/03/2013) നടക്കുന്ന കോളേജ് ഡേ ആഘോഷ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ ഈയുള്ളവന്‍ അവസമൊരുകയും ചെയ്തിരുന്നു.കോളേജ് ഡേ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചെന്നും രമ്യ തുറവൂരിനെ അറിയിക്കണമെന്നും പറഞ്ഞ് വെള്ളിയാഴ്ച(08/03/2011) വൈകീട്ട് യൂണിയന്‍ ഭാരവാഹികള്‍ ബന്ധപ്പെട്ടപ്പോഴാണ് അത്യന്തം ഞെട്ടിക്കുന്ന സംഭവങ്ങള്‍ അറിയാനിടവന്നത്.

     SNM കോളേജിലെ ശുദ്ധ ജലവിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അദ്ധ്യയനവര്‍ഷം മുതല്‍ നിരവധി തവണ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്ഷേപമുന്നയിച്ചതായി എനിക്ക് നേരിട്ടറിവുള്ളതാണ്.നിവൃത്തിയില്ലാതായപ്പോള്‍ വിദ്യാര്‍ത്ഥികളൊന്നടങ്കം ആരോഗ്യവകുപ്പിന് പരാതി നല്കുകയും പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ശോചനീയാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് ജലസംഭരണികളും ജലസ്രോതസ്സുകളും നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ വൃത്തിയാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തു.


     ഇതില്‍ കുപിതരായ കോളേജ് അധികൃതരും കോളേജ് മാനേജറും സംഭവം SFI ഏരിയാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥിയുടെ നേതൃത്ത്വത്തില്‍ നടന്ന ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും അഞ്ചൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്കിയ നിവേദനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്ന് രേഖാപൂര്‍വ്വം ഒപ്പിട്ട് ഉറപ്പ് നല്കാനും നിര്‍ബന്ധിച്ചു. അതിന് വിസമ്മതിച്ചതിന് പ്രതികാരമെന്നോണം കോളേജ് ദിനാഘോഷങ്ങള്‍ അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ മാനേജറുടെ നിര്‍ദ്ദേശപ്രകാരം കോളേജധികൃതര്‍ തീരുമാനിക്കുകയായിരുന്നു.


     ഇതു സംബന്ധിച്ച SFI യുടെ പ്രതിഷേധ പ്രസ്താവനയും "മാതൃഭൂമി"യൊഴികെയുള്ള മുന്‍നിര പത്രങ്ങള്‍ ഇന്നലെ(09/03/2013) പ്രാദേശിക പേജില്‍ പ്രസിദ്ധീകരിച്ചു.വിദ്യാര്‍ത്ഥിനികളുടെ അടക്കം പ്രതികരണങ്ങള്‍ പ്രാദേശിക കേബിള്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ വാര്‍ത്തയും പ്രസ്താവനയും മുക്കിയ മാതൃഭൂമി ന്ന് (10/03/2013)കോളേജ് അധികൃതരുടെ നുണപ്രചരണം റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ പാരമ്പര്യത്തിനും മാധ്യമധര്‍മ്മത്തിനും കടകവിരുദ്ധമായി എങ്ങനെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നത് സംശയത്തിനിടവരാത്ത വിധം കാട്ടിത്തന്നു.കിട്ടുന്ന പരസ്യവരുമാനത്തിന്റെ ഉപകാരസ്മരണ കാട്ടുന്ന മാതൃഭൂമിയെന്ന വീരന്‍ കമ്പനിയുടെ കച്ചവടതാല്പര്യങ്ങളാണ് അതിന് പിന്നിലെന്ന് ഊഹിക്കാന്‍ സാമാന്യബോധം മതിയാകും.

    കോളേജില്‍ അത്തരമൊരു പ്രശ്നമേയില്ല,ജലസംഭരിണിയെല്ലാം ക്ലീന്‍ ക്ളീനാണ്,ആരോഗ്യവകുപ്പ് ഒരു നടപടിയും എടുത്തില്ല എന്ന് ആണയിട്ട പ്രിന്‍സിപ്പാളിനോട് പിന്നെ എന്തിനാണ് കോളേജ് ദിനാഘോഷം മാറ്റിയത് എന്ന ചോദ്യം ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ എല്ലാം ശുദ്ധീകരിച്ചിട്ട് പരിപാടികള്‍ നടത്തിയാല്‍ മതി എന്ന തീരുമാനപ്രകാരമാണ് നടപടിയെനായിരുന്നു വിചിത്രമായ മറൂപടി.അതായത് പ്രശ്നമൊന്നുമില്ല ,എന്നാല്‍ പ്രശ്നദൂരീകരണത്തിന് ശേഷമേ കോളേജ് ദിനാഘോഷം നടത്തൂവെന്ന് പരസ്പര വിരുദ്ധമായ വിശദീകരണം

    ആരോഗ്യവകുപ്പില്‍ പരാതി കൊടുക്കുന്നതിന് നേതൃത്ത്വം നല്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ഭീഷണി !അതു വഴി SFI സംഘടനാ രംഗത്തുള്ള വിദ്യാര്‍ത്ഥികളെ അങ്ങ് പേടിപ്പിക്കാമെന്ന വ്യാമോഹവും."പൊട്ടക്കിണറ്റിലെ തവളകള്‍" കോളേജ് അധികൃതരെ കരുവാക്കി SFI എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് കൊമ്പുകോര്‍ക്കാനാണ് ഭാവമെങ്കില്‍ "വിനാശകാലേ വിപരീത ബുദ്ധി" എന്നതിനെ വിശേഷിപ്പിക്കാനേ നിര്‍വ്വാഹമുള്ളൂ.

1 comment:

  1. അവന്മാര്‍ എന്താ മൂക്കില്‍ കയറ്റികളയുമോ ??
    വിദ്ധ്യാര്‍ഥി സമരത്തിനു അഭിവാദ്യങ്ങള്‍

    ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.