Wednesday, November 27, 2013

സൃഷ്ടിക്കുന്നതും അവഗണിക്കുന്നതുമായ ഇരകള്‍



       
 (ഫസല്‍-പാറക്കുളം  ശുചീകരണ വേളയില്‍  ചിത്രത്തിന് കടപ്പാട്: ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)
ഇത് ഫസല്‍ ,വിഡി സതീശന്‍ എംഎല്‍എ കേരള നിയമസഭയ്ക് പരിചയപ്പെടുത്തിയ ഡിവൈഎഫ് ഐ ഗുണ്ട.വേട്ടക്കാരന്റെ ഭാഗത്ത് പോലീസ് നിന്നപ്പോള്‍ ഇരയുടെ ഒപ്പം പോയ ഫസല്‍ ഇരയ്ക് വേണ്ടി സംസാരിച്ചത് ഇഷ്ടപ്പെടാഞ്ഞ് സബ് ഇന്‍സ്പെക്ടറുമായി വാഗ്വാദം..തുടര്‍ന്ന് മുഷ്ടിചുരുട്ടി ഫസലിനെ ഇടിക്കാന്‍ ചെന്ന ഇന്‍സ്പെക്ടറില്‍ നിന്ന് നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ ഫസല്‍ തന്മയത്ത്വതോടെ ഒഴിഞ്ഞു മാറൂന്നു.എസ് ഐയുടെ കൈ ലോക്കപ്പിന്റെ അഴികളില്‍ ചെന്നിടിക്കുന്നു.എല്ലിന് കാര്യമായി പരിക്കേല്‍ക്കുന്നു.സംഭവം നടന്ന പോലീസ് സ്ടേഷന്‍ എംഎല്‍എയുടെ മണ്ഡലത്തില്‍  അല്ലെങ്കില്‍ പോലും
ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ എസ് ഐയുടെ കൈതല്ലിയൊടിച്ചുവെന്ന തരത്തില്‍ നിയമസഭയില്‍ 

കോളിളക്കമുണ്ടാക്കുന്നു..അതുപോലെ പ്രതിപക്ഷ ബഞ്ചില്‍ ഭരണപക്ഷത്തിന്റെ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉള്ള അവസരമുണ്ടാക്കലും.
ഇനിയുമുണ്ട് ഒരു പാട് ഫസലിനെ പറ്റിപറയാന്‍.എല്‍ഡി എഫ് ഭരണകാലത്ത് എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ജനപക്ഷത്തുനിന്ന് ശബ്ദമുയര്‍ത്തിയ ഡിവൈഎഫ് ഐക്കാരന്‍ ,ആരും നടത്താനില്ലാഞ്ഞ മാളവന ഫെറിയിലെ ജങ്കാര്‍ സര്‍വ്വീസ് ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ മുന്‍കയ്യെടുത്ത മിടുക്കന്‍ ,അവസാനം കുടിവെള്ള ക്ഷാമം രൂക്ഷമായ കോട്ടയില്‍ കോവിലകത്ത് ബദല്‍ കുടിവെള്ള ശ്രോതസ്സ് എന്ന ആശയം തേടി കാലങ്ങളായി ചെളിയും ചവറും നിറഞ്ഞു കിടന്നിരുന്ന പാറക്കുളത്തെ ശുചീകരിക്കാനുള്ള ശ്രമദാനത്തിന്റെ തേരാളി.ഈ ശ്രമദാനവും എംഎല്‍ എ തുരങ്കം വച്ചെന്നത് ഇന്നും ഫസലിക്ക വേദനയോടെ പറയുന്നു. ഫസലിനെ കുറിച്ച് ഇവിടെ വായിക്കാം .ഇവിടെയും


ഫസലെന്ന ഡിവൈഎഫ് ഐക്കാരനെ ഉയര്‍ത്തിക്കാട്ടാനോ എംഎല്‍എയെ താറടിക്കാനോ അല്ല ഈ കുറിപ്പെഴുതിയത്. മറിച്ച് നെട്ടൂര്‍ക്കാരി പത്മിനിയുമായി അക്ഷരം ഓണ്‍ലൈനിന് വേണ്ടി നടത്തിയ സംഭാഷാണാനന്തരം തോന്നിയ ചിന്തകള്‍ പങ്കുവയ്കാന്‍ മാതമാണ്.കത്രിക്കടവ് യൂടേണില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരിക്കെ ആഭ്യന്തരവകുപ്പിന്റെ ഭാഗമായ ഒരു വിഡി സതീശന്റെ ജന്മനാടായ നെട്ടൂരിലെ ഒരു പ്രാരാബ്ധക്കാരി ട്രാഫിക്ക് വാര്‍ഡന്‍.


കൃത്യ നിര്‍വ്വഹണ സമയത്ത് ഡിസിസി ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ ഒരു പണച്ചാക്ക് മാറില്‍ കടന്ന് പിടിച്ച് യൂണീഫോമി കീറി നെയിം പ്ലേറ്റ് പൊട്ടിച്ച വാര്‍ത്തയിലെ ഇര.നെട്ടൂര്‍ക്കാരന്‍ വിഡി സതീശന്‍ എംഎല്‍എയുടെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് 
ഇരയെ വേട്ടക്കാരനാക്കാന്‍ കോടതിക്കും പുറത്തും   പെടാപാടു പെടുമ്പോള്‍ ഫസലിനെ കുടുക്കാന്‍ പ്രയോഗിച്ച രാഷ്ട്രീയ കൗശലതയുടെ പകുതിയെങ്കിലും എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവെന്ന നിലയിലോ നെട്ടൂര്‍ക്കാരന്‍ എന്ന നിലയിലോ പത്മിനിക്ക് വേണ്ടി  ഉപയോഗിച്ചെങ്കില്‍ ഹരിതവാദമെന്ന അസംബന്ധ നാടകം വലതുപക്ഷത്തെ ഇടതുപക്ഷം ചമഞ്ഞ് അവതരിപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതായിരുന്നു.   


Sunday, March 10, 2013

വിനാശകാലേ വിപരീത ബുദ്ധി!

      ബാലചന്ദ്രന്‍ ചുള്ളിക്കാട് ,സലിം കുമാര്‍ ,ഡോ.സുനി‌ല്‍ പി ഇളയിടം തുടങ്ങി അനേകം മഹാരഥന്മാര്‍ സമരതീഷ്ണതയുടെ യൗവനം ആസ്വദിച്ച കലാലയമാണ് SNM കോളേജ് ,മാല്യങ്കര.തൊട്ട് മുന്‍ വശത്തെ SNM എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷമായി SFI പറവൂര്‍ ഏരിയാ കമ്മിറ്റി അംഗം,ഏരിയാ സെക്രട്ടറേയിറ്റ് അംഗം,ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴെല്ലാം SNM കോളേജുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങള്‍ അറിയുവാനും ഒരു സംഘടനാ പ്രതിനിധി എന്ന നിലയ്ക് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഇടപെടുവാനുമൊക്കെ അവസരം ലഭിച്ചിരുന്നു.

       കോളേജിലെ യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രശസ്ത യുവ കവയിത്രിയും കടത്തനാട് മാധവിയമ്മ പുരസ്കാര ജേതാവുമായ രമ്യ തുറവൂരിനെ നാളെ(11/03/2013) നടക്കുന്ന കോളേജ് ഡേ ആഘോഷ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ ഈയുള്ളവന്‍ അവസമൊരുകയും ചെയ്തിരുന്നു.കോളേജ് ഡേ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചെന്നും രമ്യ തുറവൂരിനെ അറിയിക്കണമെന്നും പറഞ്ഞ് വെള്ളിയാഴ്ച(08/03/2011) വൈകീട്ട് യൂണിയന്‍ ഭാരവാഹികള്‍ ബന്ധപ്പെട്ടപ്പോഴാണ് അത്യന്തം ഞെട്ടിക്കുന്ന സംഭവങ്ങള്‍ അറിയാനിടവന്നത്.

     SNM കോളേജിലെ ശുദ്ധ ജലവിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അദ്ധ്യയനവര്‍ഷം മുതല്‍ നിരവധി തവണ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്ഷേപമുന്നയിച്ചതായി എനിക്ക് നേരിട്ടറിവുള്ളതാണ്.നിവൃത്തിയില്ലാതായപ്പോള്‍ വിദ്യാര്‍ത്ഥികളൊന്നടങ്കം ആരോഗ്യവകുപ്പിന് പരാതി നല്കുകയും പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ശോചനീയാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് ജലസംഭരണികളും ജലസ്രോതസ്സുകളും നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ വൃത്തിയാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തു.


     ഇതില്‍ കുപിതരായ കോളേജ് അധികൃതരും കോളേജ് മാനേജറും സംഭവം SFI ഏരിയാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥിയുടെ നേതൃത്ത്വത്തില്‍ നടന്ന ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും അഞ്ചൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്കിയ നിവേദനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്ന് രേഖാപൂര്‍വ്വം ഒപ്പിട്ട് ഉറപ്പ് നല്കാനും നിര്‍ബന്ധിച്ചു. അതിന് വിസമ്മതിച്ചതിന് പ്രതികാരമെന്നോണം കോളേജ് ദിനാഘോഷങ്ങള്‍ അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ മാനേജറുടെ നിര്‍ദ്ദേശപ്രകാരം കോളേജധികൃതര്‍ തീരുമാനിക്കുകയായിരുന്നു.


     ഇതു സംബന്ധിച്ച SFI യുടെ പ്രതിഷേധ പ്രസ്താവനയും "മാതൃഭൂമി"യൊഴികെയുള്ള മുന്‍നിര പത്രങ്ങള്‍ ഇന്നലെ(09/03/2013) പ്രാദേശിക പേജില്‍ പ്രസിദ്ധീകരിച്ചു.വിദ്യാര്‍ത്ഥിനികളുടെ അടക്കം പ്രതികരണങ്ങള്‍ പ്രാദേശിക കേബിള്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ വാര്‍ത്തയും പ്രസ്താവനയും മുക്കിയ മാതൃഭൂമി ന്ന് (10/03/2013)കോളേജ് അധികൃതരുടെ നുണപ്രചരണം റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ പാരമ്പര്യത്തിനും മാധ്യമധര്‍മ്മത്തിനും കടകവിരുദ്ധമായി എങ്ങനെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നത് സംശയത്തിനിടവരാത്ത വിധം കാട്ടിത്തന്നു.കിട്ടുന്ന പരസ്യവരുമാനത്തിന്റെ ഉപകാരസ്മരണ കാട്ടുന്ന മാതൃഭൂമിയെന്ന വീരന്‍ കമ്പനിയുടെ കച്ചവടതാല്പര്യങ്ങളാണ് അതിന് പിന്നിലെന്ന് ഊഹിക്കാന്‍ സാമാന്യബോധം മതിയാകും.

    കോളേജില്‍ അത്തരമൊരു പ്രശ്നമേയില്ല,ജലസംഭരിണിയെല്ലാം ക്ലീന്‍ ക്ളീനാണ്,ആരോഗ്യവകുപ്പ് ഒരു നടപടിയും എടുത്തില്ല എന്ന് ആണയിട്ട പ്രിന്‍സിപ്പാളിനോട് പിന്നെ എന്തിനാണ് കോളേജ് ദിനാഘോഷം മാറ്റിയത് എന്ന ചോദ്യം ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ എല്ലാം ശുദ്ധീകരിച്ചിട്ട് പരിപാടികള്‍ നടത്തിയാല്‍ മതി എന്ന തീരുമാനപ്രകാരമാണ് നടപടിയെനായിരുന്നു വിചിത്രമായ മറൂപടി.അതായത് പ്രശ്നമൊന്നുമില്ല ,എന്നാല്‍ പ്രശ്നദൂരീകരണത്തിന് ശേഷമേ കോളേജ് ദിനാഘോഷം നടത്തൂവെന്ന് പരസ്പര വിരുദ്ധമായ വിശദീകരണം

    ആരോഗ്യവകുപ്പില്‍ പരാതി കൊടുക്കുന്നതിന് നേതൃത്ത്വം നല്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ഭീഷണി !അതു വഴി SFI സംഘടനാ രംഗത്തുള്ള വിദ്യാര്‍ത്ഥികളെ അങ്ങ് പേടിപ്പിക്കാമെന്ന വ്യാമോഹവും."പൊട്ടക്കിണറ്റിലെ തവളകള്‍" കോളേജ് അധികൃതരെ കരുവാക്കി SFI എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് കൊമ്പുകോര്‍ക്കാനാണ് ഭാവമെങ്കില്‍ "വിനാശകാലേ വിപരീത ബുദ്ധി" എന്നതിനെ വിശേഷിപ്പിക്കാനേ നിര്‍വ്വാഹമുള്ളൂ.

Friday, March 8, 2013

ചിരിവീട്ടിലെ സുനിതേച്ചി



           ഇത് എന്റെ അയല്‍ക്കാരി സുനിതേച്ചി.


                                      (സുനിതേച്ചി)
     ഞാന്‍ ഈ ചേച്ചിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഇവരുടെ ഭവനനിര്‍മ്മാണം നടക്കുന്ന സമയത്താണ്.കഴുത്തറപ്പന്‍ ഇറക്കുകൂലി ചോദിച്ചവരെ സാക്ഷിനിര്‍ത്തി ഒരു ലോഡ് സിമന്റിഷ്ടിക ഒരു ബന്ധുവിന്റെ സഹായത്തോടെ മിനിലോറിയില്‍ നിന്ന് ഇറക്കിയ സുനിതച്ചേച്ചി ആ വീട്ടില്‍ താമസമായതിന് ശേഷം കുടുംബത്തെയും നാടിനെയും മണ്ണിനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ഒരു പോലെ പ്രണയിച്ച് ഒരു ദിനത്തിന്റെ മഹാഭൂരിക്ഷം നിമിഷങ്ങളിലും അദ്ധ്വാനിച്ച് ജീവിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

                                   (ചിരിവീട് )
       അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്ത് ചെമ്മീന്‍ കെട്ടിനടുത്തേക്ക്.അവിടെ നിന്ന് ലഭിച്ച മീനും ചെമ്മീനുമായി തിരിച്ച് വീട്ടിലേക്ക്.അത് തിരിഞ്ഞ് മാര്‍ക്കറ്റിലേക്ക് കൊടുത്തയക്കുന്നതോടൊപ്പം ചെമ്മീന്‍ നുള്ളി ഉണക്കാന്‍ വയ്ക്കുന്നു.ഉണങ്ങിയ ചെമ്മീന്‍ വിപണിയില്‍ വില്കാന്‍ പോകുന്നു.അതിനിടയ്ക്ല് അലങ്കാര മത്സ്യകൃഷിയിലേക്ക് ശ്രദ്ധ.മീനിന് തീറ്റ കൊടുക്കല്‍,ടാങ്ക് വൃത്തിയാക്കല്‍ അങ്ങനെ പോകുന്നു അലങ്കാരമത്സ്യകൃഷിയുടെ പ്രവര്‍ത്തനങ്ങള്‍.വിദേശയിനമടക്കമുള്ള വളര്‍ത്തു നായകള്‍ ,വിവിധയിനം അലങ്കാര ക്കോഴികള്‍,മുയലുകള്‍,പ്രാവുകള്‍,തത്തകള്‍ ഇതിന്റെയെല്ലാം പരിപാലനവും സുനിതച്ചേച്ചി തന്നെ.ഇരിങ്ങാലക്കുടയ്കടുത്ത് കായലോര മത്സ്യകൃഷി നടക്കുന്ന സ്ഥലത്തേക്കുമുള്ള ശ്രദ്ധയും ഇതിനിടയ്ക് എത്തണം.പാലക്കാട്ടുള്ള കൃഷികളുടെ മേല്‍ നോട്ടവും ഈ തിരക്കിനിടയില്‍ തന്നെയാണ്.ഇതിനിടെ അയല്‍പക്കത്ത് എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ സ്നേഹമയിയായ ഒരു അയല്‍ക്കാരിയുടെ റോളില്‍ അടുക്കളയിലും അകത്തളങ്ങളിലും ഹാജര്‍.

(ചിരിവീട്ടിലെ സ്വിസ് അതിത്ഥി പ്രദര്‍ശന വേദിയില്‍,ചിത്രത്തിന് കടപ്പാട്:സാബു ഏരേഴത്ത് )
 (ആദാമിന്റെ മകന്‍ അബുവിന് ദേശീയാംഗീകാരം ലഭിച്ചപ്പോള്‍ എത്തിയ അതിഥിയ്ക്ക് അബുവിന്റെ ഭാര്യയുടെ പേര്-ഐശു )
വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ വളര്‍ത്തു നായകളെയും അലങ്കാരമത്സ്യങ്ങളെയും പ്രാവിനെയും തത്തയുമൊക്കെയായി പ്രദര്‍ശന നഗരിയിലെത്തുന്നതും സുനിതേച്ചി തന്നെ. ഇതിനെല്ലാം ഇടയില്‍ ഗര്‍ഭിണിയായ ഐശുവെന്ന വെച്ചൂര്‍ പശുവിന്റെ ശ്രദ്ധയോടെയുള്ള സംരക്ഷണവും .

         ഏതു പാതിരാത്രിയും ജോലി കഴിഞ്ഞു വരുന്ന പ്രിയതമന് രുചിയേറിയ ചൂടന്‍ വിഭവങ്ങളൊരുക്കുന്നതും ചേച്ചിതന്നെ
.അതു പോലെ ലോകം മുഴുവനും ജോലിയുടെ ഭാഗമായി സഞ്ചരിക്കേണ്ടി വരുന്ന ഭര്‍ത്താവിന് എല്ലാ വിധ പിന്തുണയും നല്കുന്ന റോളും രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മയുടെ റോളും ഇതിനിടയ്ക് അത്യാവശ്യം ഭംഗിയായി ചെയ്യും.
(സുനിതേച്ചി കുടുംബത്തോടൊപ്പം-സുനിതേച്ചി,സലിമേട്ടന്‍,ചന്തു,ആരോമല്‍)

      ഇത്രയേറെ കഷ്ടപ്പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതയായ സ്ത്രീയൊന്നുമല്ല സുനിതച്ചേച്ചി എന്നതാണ് രസകരമായ വസ്തുത.കേരളസര്‍ക്കാര്‍ ഒരു നടന് സമ്മാനിക്കുന്ന എല്ലാ വിധ അവാര്‍ഡ് ശില്പങ്ങളും മികച്ച നടനുളള ദേശീയ അവാര്‍ഡ് ശില്പവും ഷോകെയ്സുകളില്‍ വിശ്രമിക്കുന്ന ചിരിവീട്ടിലെ കുടുംബനായികയാണ് സുനിതേച്ചി. സ്വന്തം കഴിവുകൊണ്ടും അദ്ധ്വാനം കൊണ്ടും സിനിമാലോകത്ത് ഒരു പൊളിച്ചെഴുത്ത് നടത്തിയ മഹാനടന്‍ സലിംകുമാറീന്റെ പ്രിയതമ.തിരക്ക് പിടിച്ച അഭിനയജിവിതം നയിക്കുന്ന ഒരു മഹാനടന്റെ ഭാര്യയില്‍ നിക്ഷിപ്തമായ ചുമതലകള്‍ വളരെ ഭംഗിയായി നിറവേറ്റുന്നതോടൊപ്പം ജീവിത്തില്‍ തനിക്കുള്ള സ്വത്തുക്കള്‍ കാര്‍ഷിക ഭൂമിമാത്രമാണ് എന്ന് അഭിമാനത്തോടെ പറയുന്ന ,സിനിമയില്‍ അവസരം നിലച്ചാല്‍ ഒരു കൃഷിക്കാരനായി ജീവിക്കാന്‍ തനിക്ക് കഴിയും എന്ന് ആര്‍ജ്ജവത്തോടെ പറയുന്ന സലിമേട്ടന്റെ ബുദ്ധിയിലും താല്പര്യത്തിലും വിഭാവനം ചെയ്യപ്പെടുന്ന പദ്ധതികളെല്ലാം സമര്‍പ്പണ മനോഭാവത്തോടെ ഏടെടുത്ത് നിര്‍വ്വഹിക്കുന്ന സുനിതേച്ചിയെ വാക്കുകള്‍കൊണ്ട് വിവരിക്കുക എന്നത് അല്പം ശ്രമകരകരമായ ദൗത്യമാണ്.വളരെ കുറച്ച് സമയം മാത്രം അടുത്തു നിന്ന് നിരീക്ഷിച്ചിട്ടുള്ള ഈയുള്ളവന്റെ വാക്കുകള്‍ തികച്ചും അപൂര്‍ണ്ണമാണെന്നും പ്രത്യേകം ഒര്‍മ്മിപ്പിക്കുന്നു.അത് പോലെ ഏതൊരു മഹാന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന ചൊല്ലിനെ  അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ചിരിവീട്ടിലെ വിശേഷങ്ങള്‍.

       സര്‍വ്വാഭരണ വിഭൂഷിതയായി ബ്യൂട്ടിപ്പാര്‍ലര്‍ സംസ്കാരത്തില്‍ ശീതീകരിച്ച മുറിയില്‍ സര്‍വ്വസമയവും ചെലവഴിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും സാധാരണ കുടുംബിനിയായി സ്നേഹാര്‍ദ്രമായ അമ്മയായി ,ഒരു കൃഷിക്കാരിയായി ,ലോകത്തിന് മാതൃകയായ അദ്ധ്വാന സംസ്കാരത്തിന്റെ പ്രതീകമായി, ലാളിത്യത്തിന്റെ മനുഷ്യരൂപമായി എന്റെ നാട്ടില്‍ എന്റെ വീട്ടിനടുത്ത് ജീവിക്കുന്ന സുനിതേച്ചിയെ  ഈ അന്താരാഷ്ട്ര വനിതാദിനത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നു.

അതുപോലെ സലിയപ്പനെന്ന ഗ്രാമീണ ബാലനെ സലിംകുമാറെന്ന ലോകോത്തര നടനാക്കി മാറ്റിയ സാഹചര്യങ്ങള്‍,അതില്‍ സുനിതേച്ചിയുടെ സ്വാധീനം ഇവയൊക്കെ അറിയാന്‍ ഈ ഡോക്യുമെന്ററി കാണുക.