Tuesday, December 25, 2012

മതസൗഹാര്‍ദ്ദം മരിച്ചിട്ടില്ല!

      ഇത് അനിയമ്മാവന്റെ അമ്മായിഅമ്മ!

   അനിയമ്മാവന്‍ ഉപ്പയുടെ സുഹൃത്താണ്.ശശിധരന്‍ കര്‍ത്താ എന്ന് പേരുള്ള അനിയനെ കുടുംബക്കാര്‍  അനിയനെന്ന് ഓമനപ്പേരിട്ടു.ആളുടെ അനന്തിരവര്‍ വിളിക്കുന്നത് കേട്ട് ഞങ്ങള്‍ അനിയമ്മാവന്‍ എന്നും  വിളിച്ചു!എന്റെ വീടിനു ചുറ്റും ഒരു പാട് നായര്‍  കുടുംബങ്ങളുണ്ട്.അവരുടെയെല്ലാം സാധാരണ(കോമണ്‍) കുടുംബസുഹൃത്താണ് ഞങ്ങള്‍.അവരുടെ വീട്ടില്‍  എന്ത് ആഘോഷമുണ്ടെങ്കിലും വീട്ടില്‍  ക്ഷണമുണ്ടാകും.തിരിച്ചും.

     ഇന്ന് ഞാന്‍ ഹാരിഷിന്റെ വീട്ടില്‍ ഞാന്‍-ജോര്‍ജ്ജ്-ഹാരിഷ് ത്രയ സമാഗമം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍  ഉമ്മച്ചിയുടെ മുറിയില്‍ വെല്ലുമ്മ.ഉമ്മച്ചിയുടെ ഉമ്മയാണെന്ന് നിഗമനത്തില്‍  വെല്ലുമ്മ എപ്പോള്‍ വന്നു എന്ന് ചോദിച്ച് അടുത്തേക്കു ചെന്നപ്പോള്‍  അത് അനിയന്‍മാവന്റെ വിട്ടിലെ അമ്മൂമ്മയാണെന്ന് തിരിച്ചറിഞ്ഞു.പ്രായാധിക്യം കൊണ്ട് യാത്ര ചെയ്യാനാവാത്ത അമ്മൂമ്മയെ അനിയന്‍ മാവന്‍ എറണാകുളത്ത് പോയപ്പോള്‍ വീട്ടിലാക്കിയതാണ്.അമ്മൂമ്മ സംസാര പ്രിയയാണ്.കിട്ടിയ പാടേ എന്നോട് നാട്ടിലെ കാര്യം മുതല്‍  അങ്ങ് ലണ്ടനിലെ കാര്യം വരെ പങ്കുവച്ചു.ജോര്‍ജ്ജ് കൂടെ  വന്നിരുന്നതിനാല്‍ ഞാന്‍ പതിയെ അമ്മൂമ്മയുടെ വാചാലതയില്‍ നിന്നും വിടവാങ്ങി.പിന്നെ മുഖപുസ്തകിക്കലും ഇന്ത്യ-പാക്ക് 20-20 യുമായി തിരക്കായതിനാല്‍  അമ്മുമ്മയുമായി വീണ്ടും സന്ധിച്ചത് കഞ്ഞികുടി സമയത്താണ്.

      ഉപ്പയുടെയും ഉമ്മയുടെയും ഒപ്പം ഭക്ഷണത്തിനായിരുന്ന അമ്മൂമ്മ ഒച്ചിഴയുന്ന വേഗത്തില്‍ രണ്ട് ചപ്പാത്തിയുമായി മല്ലിടുകയാണ്.ഭക്ഷണം കഴിഞ്ഞ ശേഷവും  ഉപ്പയും ഉമ്മയും അരികിലിരുന്ന് അമ്മൂമ്മയുമായി കുശല സംഭാഷണം  നടത്തുന്നുണ്ട്.ഞാന്‍ ചെന്നിരുന്ന പാടേ കഞ്ഞിയ്ക്ക് ശേഷം അമ്മൂമ്മയ്ക്കായി പ്രത്യേകം  ആയി ഉണ്ടാക്കിയ ചപ്പാത്തിയില്‍  ബാക്കിവന്ന ഒന്ന് തിന്നണമെന്ന് അമ്മൂമ്മ സ്നേഹപൂര്‍വ്വം  എന്നെ ചട്ടം കെട്ടി.ആയുര്‍വേദ മരുന്ന് സേവിക്കുന്നതിനാല്‍  കഞ്ഞിമാത്രം  പഥ്യമെന്ന് പറഞ്ഞ് അമ്മൂമ്മയെ മുഴുവന്‍ ചപ്പാത്തിയും തിന്ന് തീര്‍ക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു.പലതും പറഞ്ഞിരിക്കുന്നതിനിടയ്ക്ക് ഉമ്മച്ചിയുടെ ഹൈവോള്‍ട്ടേജ് ചിരിയോടെയുള്ള ചോദ്യം "അമ്മയ്ക്കിപ്പോള്‍  എത്ര വയസ്സായി".എണ്‍പത്തി നാല് എന്ന് ഞൊടിയിടയിലുള്ള ഉത്തരം.കണ്ടാല്‍ അത്രയും പറയില്ലെന്ന് ഉമ്മച്ചിയുടെ സുഖിപ്പിച്ചുള്ള മറുപടി.

    ഉടന്‍ അമ്മൂമ്മ അവരുടെ ബന്ധുവിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.എന്തിനാ വയസ്സ് പറഞ്ഞിരിക്കെ അമ്മൂമ്മ ബന്ധുവിനെക്കുറിച്ച് പറയുന്നതെന്ന് ശങ്കിച്ചെങ്കിലും വിഷയത്തില്‍  നിന്ന് വ്യതിചലിച്ചില്ല എന്ന് പിന്നീട് മനസ്സിലായി.അമ്മൂമ്മയുടെ ഒരു ബന്ധു മുമ്പൊരു ദിവസം വിട്ടില്‍ വന്ന് അമ്മൂമ്മയെ പണ്ടുകണ്ട പോലെയിരിക്കുന്നു എന്ന് ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല എന്ന സന്തൂര്‍ മോഡല്‍  ഡയലോഗ് കാച്ചിയതത്രേ.അവര്‍ തിരിച്ചിറങ്ങി പടിയെത്തിയതോടെ കിടപ്പിലായി പ്പോയെന്നാണ് അമ്മൂമ്മയുടെ പരാതി.കണ്ണുകരിച്ച് കളയണ്ട ജാതിയത്രേ അവര്‍ എന്ന് വെറുപ്പാര്‍ന്ന മുഖത്തോടെ അമ്മൂമ്മ പറഞ്ഞുകൊണ്ടിരിക്കെ ഉമ്മച്ചിയുടെ ചമ്മിയ ചിരിയും ഞാന്‍ ശ്രദ്ധിച്ചു.

     അമ്മൂമ്മ തുടര്‍ന്നു.ആദ്യം മുസ്ല്യാരെക്കൊണ്ട്  ഓതിച്ചൂതിച്ചു.അറബി മന്ത്രം നാടന്‍  മന്ത്രത്തേക്കാല്‍  കേമമാണത്രെ!രക്ഷയില്ല.തുടര്‍ന്ന് അമ്പലത്തിലെ നമ്പൂതിരിയെ സമീപിച്ചു.ഏറ്റ കണ്ണേറ് ലേശം കടുത്തതാണെന്ന് സംശയമന്യേ പറഞ്ഞ് മൂന്ന് ദിവസം  കിടപ്പിലാവുമെന്ന മുന്നറിയിപ്പും  നല്കി നമ്പൂതിരി കയ്യിലൊരു മന്ത്രിച്ച ചരട് കെട്ടിക്കൊടുത്തുവെന്നും  മൂന്നുദിവസം കഴിഞ്ഞപ്പോള്‍  പഴയ പ്രതാപത്തോടെ പൂര്‍വ്വആരോഗ്യ സ്ഥിതിപ്രാപിച്ചുവെന്നും അമ്മൂമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
    മൂന്നു ദിവസം വിശ്രമിച്ചപ്പോള്‍  എങ്ങനെയോ വന്ന വയ്യായ്ക മാറിയെന്ന്  സാരം.കടുത്തതായതിനാല്‍ ഫാത്തിഹ ഓതിയത് ഏറ്റില്ല.കുറഞ്ഞത് യാസീനെങ്കിലും വേണമായിരുന്നു.മുസ്ലാര്‍ക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞ നമ്പൂതിരി കടുത്ത മന്ത്രം ചൊല്ലി കണ്ണേറ് കൊണ്ടുണ്ടായ വശക്കേട് മാറ്റി.

    പൊതുബോധം വര്‍ഗ്ഗീയമാവുന്നു എന്ന ആരോപണങ്ങളും ആശങ്കകളും നില നില്കുമ്പോഴും നമുക്ക് ഉറപ്പിക്കാം, ആത്മീയത മറയാക്കി തട്ടിപ്പ് നടത്തുന്ന രംഗത്ത് മതസൗഹാര്‍ദ്ദം പൂത്തുലഞ്ഞു നില്കുകയാണെന്ന്!ചേരമാന്‍ ജുമാ മസ്ജിദിലെ വിളക്കില്‍ എണ്ണ നേരണമെന്ന് നിഷ്കര്‍ഷിക്കുന്ന തൃശൂര്‍  ജില്ലയിലെ  ജോത്സ്യനും  ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു!

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.